ചോദ്യം 13: ആരാണ് മനുഷ്യരുടെ ശത്രുക്കൾ?

ഉത്തരം: 1- തിന്മക്ക് പ്രേരിപ്പിക്കുന്ന നമ്മുടെ മനസ്സ്. കാരണം മനസ്സ് മന്ത്രിച്ചു നൽകുകയും ആഗ്രഹിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് അല്ലാഹുവിനെ ധിക്കരിക്കുമ്പോൾ മനുഷ്യർ പിൻപറ്റുന്നത്. അല്ലാഹു പറഞ്ഞതു പോലെ: "തീർച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എൻ്റെ രക്ഷിതാവിൻ്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീർച്ചയായും എൻ്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (യൂസുഫ്: 53) 2- പിശാച് (ശയ്ത്വാൻ): ആദം സന്തതികളുടെ വ്യക്തമായ ശത്രുവാണ് പിശാച്. മനുഷ്യരെ വഴിപിഴവിലാക്കുകയും, തിന്മകൾ ചെയ്യാൻ അവൻ്റെ മനസ്സിൽ പ്രേരണ ചെലുത്തുകയും, അതിലൂടെ അവനെ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുക എന്നതാണ് അവൻ്റെ പ്രഖ്യാപിത ലക്ഷ്യം. അല്ലാഹു പറയുന്നു: "നിങ്ങൾ പിശാചിൻ്റെ കാൽപ്പാടുകളെ പിൻപറ്റരുത്. തീർച്ചയായും അവൻ നിങ്ങൾക്ക് വ്യക്തമായ ശത്രുവാകുന്നു." (ബഖറ: 168) 3- തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന, നന്മയിൽ നിന്ന് തടയുന്ന മോശം കൂട്ടുകാർ. അല്ലാഹു പറയുന്നു: "സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ." (സുഖ്റുഫ്: 67)