ചോദ്യം 12: പരസ്പര സഹകരണം എന്ന നല്ല സ്വഭാവം എങ്ങനെയാണ് പുലർത്തേണ്ടത്?

ഉത്തരം: സത്യത്തിനു വേണ്ടിയും നന്മകൾക്ക് വേണ്ടിയും മനുഷ്യർ പരസ്പരം സഹകരിക്കണം.

പരസ്പര സഹകരണത്തിൻ്റെ രൂപങ്ങളിൽ പെട്ട ചിലത് താഴെ പറയാം:

- മനുഷ്യരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.

- അതിക്രമിയുടെ കയ്യിൽ നിന്ന് അന്യായമായി നേടിയത് തിരിച്ചെടുക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.

- മനുഷ്യരുടെ ആവശ്യങ്ങളും ദരിദ്രരുടെ പ്രയാസങ്ങളും നീക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.

- എല്ലാ നന്മകളിലും പുലർത്തേണ്ട പരസ്പര സഹകരണം.

- തിന്മകളിലും ഉപദ്രവങ്ങളിലും ശത്രുതയിലും പരസ്പരം സഹകരണം നടത്താതിരിക്കൽ.

അല്ലാഹു പറയുന്നു: "നിങ്ങൾ നന്മയിലും ധർമ്മനിഷ്ഠയിലും പരസ്പരം സഹകരിക്കുക; നിങ്ങൾ തിന്മയിലും ശത്രുതയിലും പരസ്പരം സഹകരിക്കരുത്. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്." (മാഇദ: 2) നബി -ﷺ- പറഞ്ഞു: "ഒരു മുഅ്മിനിന് മറ്റൊരു മുഅ്മിനിനുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്; അവ പരസ്പരം ബലം പകരുന്നു." (ബുഖാരി, മുസ്ലിം) നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിം മറ്റൊരു മുസ്ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനെ അക്രമിക്കുകയോ അവനെ (ശത്രുവിൻ്റെ കയ്യിൽ) വിട്ടുകളയുകയോ ഇല്ല. ആരെങ്കിലും തൻ്റെ സഹോദരൻ്റെ ആവശ്യം നിർവ്വഹിക്കുന്നെങ്കിൽ അല്ലാഹു അവൻ്റെ ആവശ്യം നിറവേറ്റുന്നതായിരിക്കും. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ പ്രയാസം നീക്കിക്കൊടുത്താൽ അല്ലാഹു അവൻ്റെ മേൽ നിന്ന് അന്ത്യനാളിലെ പ്രയാസം എടുത്തു നീക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ തിന്മകൾ മറച്ചു പിടിച്ചാൽ അല്ലാഹു അന്ത്യനാളിൽ (അവൻ്റെ തിന്മകളെ) മറച്ചു പിടിക്കുന്നതാണ്." (ബുഖാരി, മുസ്ലിം)