ചോദ്യം 3: 'ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുമ്പോൾ..." എന്ന് തുടങ്ങുന്ന ഹദീഥ് പൂർണ്ണമായി പറയുക. അതിലെ ചില പാഠങ്ങളും വിവരിക്കുക.

ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുന്ന വേളയിൽ ഒരു വ്യക്തി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. തൂവെള്ള നിറമുള്ള വസ്ത്രവും, കറുകറുത്ത മുടിയുമാണ് അദ്ദേഹത്തിൻ്റേത്. യാത്രയുടെ അടയാളങ്ങളൊന്നും അദ്ദേഹത്തിൽ കാണപ്പെട്ടില്ല. ഞങ്ങളിലാർക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി -ﷺ- യുടെ അരികിലേക്ക് വന്നിരിക്കുകയും, തൻ്റെ കാൽമുട്ട് നബി -ﷺ- യുടെ കാൽമുട്ടിനോട് ചേർത്തു വെക്കുകയും, തൻ്റെ കൈപ്പത്തികൾ അവിടുത്തെ തുടമേൽ വെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: മുഹമ്മദ്! ഇസ്ലാമിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക?! നബി -ﷺ- പറഞ്ഞു: "ഇസ്ലാം എന്നാൽ താങ്കൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലും, നമസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കലും, സാധ്യമാണെങ്കിൽ ഹജ്ജ് നിർവ്വഹിക്കുകയും ചെയ്യലാണ്." അദ്ദേഹം പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ഞങ്ങൾ അയാളുടെ കാര്യത്തിൽ അത്ഭുതപ്പെട്ടു; നബി -ﷺ- യോട് ചോദിക്കുകയും, പറഞ്ഞത് ശരിയാണെന്ന് അയാൾ തന്നെ സത്യപ്പെടുത്തുകയും ചെയ്യുകയോ?! (ശേഷം) അദ്ദേഹം ചോദിച്ചു: എങ്കിൽ ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക? നബി -ﷺ- പറഞ്ഞു: "ഈമാൻ എന്നാൽ നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ -അതിൻ്റെ നന്മയിലും തിന്മയിലും- വിശ്വസിക്കലുമാണ്." അദ്ദേഹം പറഞ്ഞു: താങ്കൾ പറഞ്ഞത് ശരിയാണ്. എങ്കിൽ എനിക്ക് ഇഹ്സാനിനെ കുറിച്ച് പറഞ്ഞു തരിക! നബി -ﷺ- പറഞ്ഞു: "(ഇഹ്സാൻ എന്നാൽ) അല്ലാഹുവിനെ കാണുന്നത് പോലെ താങ്കൾ അവനെ ആരാധിക്കലാണ്. താങ്കൾ അവനെ കാണുന്നില്ലെങ്കിലും അവൻ താങ്കളെ കാണുന്നുണ്ട്." അദ്ദേഹം പറഞ്ഞു: "എങ്കിൽ അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി -ﷺ- പറഞ്ഞു: "ചോദിക്കപ്പെടുന്ന വ്യക്തി ചോദ്യകർത്താവിനേക്കാൾ കൂടുതലായി അതിനെ കുറിച്ച് യാതൊരു അറിവുമുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "അടിമ സ്ത്രീ തൻ്റെ ഉടമസ്ഥയെ പ്രസവിക്കലും, നഗ്നരും നഗ്നപാദരും ദരിദ്രരുമായ ആട്ടിടയന്മാർ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ പരസ്പരം മത്സരിക്കലുമാണ്." ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ നബി -ﷺ- പറഞ്ഞു: "ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും അറിയുക." അവിടുന്ന് പറഞ്ഞു: "അത് ജിബ്രീലാണ്. നിങ്ങൾക്ക് നിങ്ങളുടെ മതം പഠിപ്പിച്ചു നൽകുന്നതിനായി വന്നതാണ്." (മുസ്ലിം)

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

1- ഇസ്ലാമിൻ്റെ അഞ്ച് സ്തംഭങ്ങൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. അവ താഴെ പറയുന്നതാണ്:

ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ.

നിസ്കാരം നിലനിർത്തൽ.

സകാത്ത് നൽകൽ.

റമദാൻ മാസത്തിൽ നോമ്പെടുക്കൽ.

അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കൽ.

2- ഈമാനിൻ്റെ ആറ് സ്തംഭങ്ങൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. അവ താഴെ പറയുന്നതാണ്:

അല്ലാഹുവിലുള്ള വിശ്വാസം

അല്ലാഹുവിൻ്റെ മലക്കുകളിലുള്ള വിശ്വാസം.

അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളിലെ വിശ്വാസം.

അല്ലാഹുവിൻ്റെ റസൂലുകളിലുള്ള വിശ്വാസം.

അന്ത്യനാളിലുള്ള വിശ്വാസം.

ഖദാ ഖദറിലുള്ള (അല്ലാഹുവിൻ്റെ വിധിയിലുള്ള) -അതിൻ്റെ നന്മയിലും തിന്മയിലുമുള്ള- വിശ്വാസം.

3- ഇഹ്സാനിൻ്റെ സ്തംഭം ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു: അല്ലാഹുവിനെ നീ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണത്; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.

4- അന്ത്യനാൾ സംഭവിക്കുന്ന സമയമോ ദിവസമോ ഒരാൾക്കും അറിയുന്നതല്ല.

ഹദീഥ് (4)