ചോദ്യം 2: സൂറതുൽ ഹുമസഃ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

ഉത്തരം: സൂറതുൽ ഹുമസയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാൾക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവൻ്റെ ധനം അവന് ശാശ്വത ജീവിതം നല്കിയിരിക്കുന്നു എന്ന് അവൻ വിചാരിക്കുന്നു. നിസ്സംശയം, അവൻ ഹുത്വമയിൽ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാൽ എന്താണെന്ന് നിനക്കറിയാമോ? അത് അല്ലാഹുവിൻ്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ തീർച്ചയായും അത് അവരുടെ മേൽ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട് (ഹുമസഃ: 1-9)

വിശദീകരണം:

1- "കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാൾക്കും നാശം." - ജനങ്ങളെ കുറിച്ച് ധാരാളമായി പരദൂഷണം പറയുകയും, അവരെ കുത്തി പറയുകയും ചെയ്യുന്നവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ടാകട്ടെ.

2- "അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്." - അവൻ്റെ കാര്യമായ ചിന്ത സമ്പത്ത് സ്വരുക്കൂട്ടലും അതെണ്ണി തിട്ടപ്പെടുത്തി വെക്കലുമാണ്. അതല്ലാത്ത മറ്റൊരു ചിന്തയും അവനില്ല.

3- "അവൻ്റെ ധനം അവന് ശാശ്വത ജീവിതം നല്കിയിരിക്കുന്നു എന്ന് അവൻ വിചാരിക്കുന്നു." - അവൻ ഒരുമിച്ചു കൂട്ടിയ സമ്പാദ്യം മരണത്തിൽ നിന്ന് അവനെ രക്ഷിക്കുകയും, അങ്ങനെ ഭൂമിയിൽ കാലാകാലം വസിക്കാമെന്നുമാണ് അവൻ ധരിക്കുന്നത്.

4- "നിസ്സംശയം, അവൻ ഹുത്വമയിൽ എറിയപ്പെടുക തന്നെ ചെയ്യും." - ഈ വിഡ്ഢി ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. കാഠിന്യം കാരണം വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന, നരകാഗ്നിയിൽ അവൻ വലിച്ചെറിയപ്പെടുക തന്നെ ചെയ്യും.

5- "ഹുത്വമ എന്നാൽ എന്താണെന്ന് നിനക്കറിയാമോ?" - അല്ലാഹുവിൻ്റെ റസൂലേ! വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന ഈ നരകാഗ്നി -ഹുത്വമ- എന്താണെന്ന് അങ്ങേക്ക് അറിയുമോ?

6- "അത് അല്ലാഹുവിൻ്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു." - കത്തിജ്വലിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ നരകാഗ്നിയാകുന്നു അത്.

7- "ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ" - മനുഷ്യരുടെ ശരീരങ്ങൾ കത്തിക്കരിച്ചതിന് ശേഷം അത് അവരുടെ ഹൃദയങ്ങളിലേക്ക് എത്തും.

8- "തീർച്ചയായും അത് അവരുടെ മേൽ അടച്ചുമൂടപ്പെടുന്നതായിരിക്കും." - അതിൽ ശിക്ഷിക്കപ്പെടുന്നവരുടെ മേൽ അടച്ചു മൂടപ്പെട്ട നിലയിലായിരിക്കും അത്.

9- "നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്." - അതിൽ നിന്ന് പുറത്തു കടക്കാതിരിക്കാൻ നീട്ടിയുണ്ടാക്കപ്പെട്ട തൂണുകൾ മുഖേന ബന്ധിക്കപ്പെട്ടിരിക്കും.