ഉത്തരം: സൂറതു സൽസലയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.
ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ - അതിൻ്റെ ഭയങ്കരമായ ആ പ്രകമ്പനം. ഭൂമി അതിൻ്റെ ഭാരങ്ങൾ പുറം തള്ളുകയും, അതിന് എന്തുപറ്റി എന്ന് മനുഷ്യൻ പറയുകയും ചെയ്താൽ. അന്നേ ദിവസം അത് (ഭൂമി) അതിൻ്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്. നിൻ്റെ രക്ഷിതാവ് അതിന് ബോധനം നല്കിയത് നിമിത്തം. അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവർക്ക് അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവനതും കാണുന്നതാണ്. (സൽസലഃ: 1-8)
സൂറ. സൽസലയുടെ വിശദീകരണം:
1- "ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ - അതിൻ്റെ ഭയങ്കരമായ ആ പ്രകമ്പനം." ഭൂമി ശക്തിയായി പ്രകമ്പനം കൊണ്ടാൽ; അന്ത്യനാളിൽ സംഭവിക്കുന്ന കാര്യമാണിത്.
2- "ഭൂമി അതിൻ്റെ ഭാരങ്ങൾ പുറം തള്ളിയാൽ." ഭൂമിയിൽ മറമാടപ്പെട്ട മനുഷ്യരും മറ്റു വസ്തുക്കളും പുറത്തേക്ക് തള്ളപ്പെട്ടാൽ.
3- "അതിന് എന്തുപറ്റി എന്ന് മനുഷ്യൻ പറയുകയും ചെയ്താൽ." - ഭൂമിക്കെന്താണ് സംഭവിച്ചത്? എന്തു കൊണ്ടാണ് ഇത് ഇളകിമറിയുന്നത് എന്ന് ജനങ്ങൾ അന്നേരം പറയും.
4- "അന്നേ ദിവസം അത് (ഭൂമി) അതിൻ്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്." ഭൂമി അതിൻ്റെ മുകളിൽവെച്ച് നടമാടിയ നന്മ-തിന്മകളെ കുറിച്ച് സംസാരിക്കുന്നതാണ്.
5- "നിൻ്റെ രക്ഷിതാവ് അതിന് ബോധനം നല്കിയത് നിമിത്തം." കാരണം അല്ലാഹു അപ്രകാരം ചെയ്യാൻ അതിനോട് കൽപ്പിക്കുകയും, അതിന് അറിവ് നൽകുകയും ചെയ്തിരിക്കുന്നു.
6- "അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവർക്ക് അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്." ഭൂമി പ്രകമ്പനം കൊള്ളുന്ന ഭയാനകമായ ആ ദിവസത്തിൽ, ജനങ്ങൾ വിചാരണയുടെ വേദിയിൽ നിന്ന് ഇഹലോകത്ത് തങ്ങൾ പ്രവർത്തിച്ചതെന്തോ, അത് സാക്ഷ്യം വഹിക്കുന്നതിനായി വിവിധ വിഭാഗങ്ങളായി പുറപ്പെടുന്നതാണ്.
7- "ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്." എത്ര ചെറിയ നന്മയും സൽകർമ്മവും ചെയ്തിട്ടുണ്ടെങ്കിൽ അവനത് തൻ്റെ കണ്മുന്നിൽ കാണുന്നതാണ്.
8- "ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവനതും കാണുന്നതാണ്." എന്തെങ്കിലുമൊരു തിന്മ -അതെത്ര ചെറുതാണെങ്കിലും- അവൻ തൻ്റെ കണ്മുന്നിൽ കാണുന്നതാണ്.