ചോദ്യം 3: സൂറ. നാസ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

ഉത്തരം: സൂറ. നാസിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ സാക്ഷാൽ ആരാധ്യനോട്. ദുർബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയിൽ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവർ. മനുഷ്യരിലും ജിന്നുകളിലും പെട്ടവർ. (നാസ്: 1-6)

വിശദീകരണം:

1- "പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു." - പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- പുലരിയുടെ രക്ഷിതാവിനോട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.

2- "മനുഷ്യരുടെ രാജാവിനോട്." - ജനങ്ങളുടെ കാര്യത്തിൽ ഉദ്ദേശം പോലെ കൈകാര്യകർതൃത്വം നിർവ്വഹിക്കുന്ന, ജനങ്ങളുടെ രാജാവിനോട്. മനുഷ്യർക്ക് അവനല്ലാതെ മറ്റൊരു രാജാധിരാജനില്ല.

3- "മനുഷ്യരുടെ ആരാധ്യനോട്." - അവരുടെ യഥാർഥ ആരാധ്യനോട്; ആരാധിക്കപ്പെടാൻ അർഹതയുള്ള മറ്റൊരു ആരാധ്യനും അവർക്കില്ല.

4- "ദുർബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയിൽ നിന്ന്." - അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധമായാൽ ദുർമന്ത്രണം നടത്തുന്ന പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന്. അല്ലാഹുവിനെ സ്മരിച്ചാൽ അതിൽ നിന്ന് പിന്മാറുന്നവനുമാണവൻ.

5- "മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവർ." - മനുഷ്യരുടെ ഹൃദയങ്ങളിൽ അവൻ തൻ്റെ ദുർബോധനം ഇട്ടുകൊടുക്കുന്നു.

6- "മനുഷ്യരിലും ജിന്നുകളിലും പെട്ടവർ." - ജിന്നുകളിൽ പിശാച് ഉള്ളതു പോലെ മനുഷ്യരിലും പിശാചുക്കൾ ഉണ്ട്.