ഉത്തരം: സൂറത്തുൽ ഇഖ്'ലാസിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു സർവ്വരുടെയും ആശ്രയമായ, എന്നാൽ സ്വയം നിരാശ്രയനായ (സ്വമദ്) ആകുന്നു. അവൻ (ആർക്കും) ജന്മം നല്കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും (ഇഖ്'ലാസ്: 1-4)
വിശദീകരണം:
1- "(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു." - പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- അവനാകുന്നു അല്ലാഹു; ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരുവൻ. അവനല്ലാതെ മറ്റൊരു ആരാധ്യനില്ല.
2- "അല്ലാഹു സർവ്വരുടെയും ആശ്രയമായ, എന്നാൽ സ്വയം നിരാശ്രയനായ (സ്വമദ്) ആകുന്നു." - പൂർണതയുടെയും ഭംഗിയുടെയും എല്ലാ വിശേഷണങ്ങളും അതിൻ്റെ ഏറ്റവും മഹത്വത്തോടെയും ഉയർച്ചയോടെയും ഉള്ളവനായ 'സയ്യിദ്' ആണ് അല്ലാഹു. എല്ലാ സൃഷ്ടികളും അവനിലേക്ക് ആശ്രയം തേടുന്നു.
3- "അവൻ (ആർക്കും) ജന്മം നല്കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല." - അവൻ ആർക്കും ജന്മം നൽകിയിട്ടില്ല. ആരുടെയും മകനുമല്ല അവൻ. അവന് സന്താനവുമില്ല; പിതാവുമില്ല.
4- "അവന്ന് തുല്യനായി ആരും ഇല്ലതാനും." - അവനോട് തുല്യനായ ഒരാളും തന്നെ അവൻ്റെ സൃഷ്ടികളിലില്ല.