ഉത്തരം: സൂറതുൽ മസദിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.
അബൂലഹബിൻ്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവൻ്റെ ധനമോ അവൻ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ കടന്നെരിയുന്നതാണ്. വിറകുചുമട്ടുകാരിയായ അവൻ്റെ ഭാര്യയും. അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും. (മസദ്: 1-5)
വിശദീകരണം:
1- "അബൂലഹബിൻ്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു." - നബി-ﷺ-യുടെ പിതൃസഹോദരനായ അബൂലഹബ് ബ്നു അബ്ദിൽ മുത്വലിബിൻ്റെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായതിലൂടെ അവന്റെ രണ്ട് കൈകളും നശിച്ചിരിക്കുന്നു. കാരണം അയാൾ നബി-ﷺ-യെ ഉപദ്രവിക്കാറുണ്ടായിരുന്നു. അവൻ്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.
2- "അവൻ്റെ ധനമോ അവൻ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല." - അവൻ്റെ സമ്പാദ്യവും സന്താനങ്ങളും എന്ത് നേട്ടമാണ് അവന് നേടിക്കൊടുത്തത്? അവയൊന്നും അല്ലാഹുവിൻ്റെ ശിക്ഷയെ തടുക്കുകയോ, അവൻ്റെ കാരുണ്യം നേടിക്കൊടുക്കുകയോ ചെയ്തില്ല.
3- "തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ പ്രവേശിക്കുന്നതാണ്." - ഖിയാമത്ത് നാളിൽ കത്തിയെരിയുന്ന തീജ്വാലകളുള്ള നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്. അതിൻ്റെ കടുത്ത ചൂട് അവൻ അനുഭവിക്കുകയും ചെയ്യും.
4- "വിറകുചുമട്ടുകാരിയായ അവൻ്റെ ഭാര്യയും." - അവൻ്റെ ഭാര്യ -ഉമ്മു ജമീലും- (കത്തിയെരിയുന്ന തീജ്വാലകളുള്ള) നരകത്തിൽ പ്രവേശിക്കുന്നതാണ്. നബി-ﷺ-യുടെ വഴികളിൽ മുള്ളുകൾ വിതറി അവൾ അവിടുത്തെ ഉപദ്രവിക്കാറുണ്ടായിരുന്നു.
5- "അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും." - കെട്ടിമെടഞ്ഞ ഒരു കയർ അവളുടെ കഴുത്തിലുണ്ടായിരിക്കും; അതിൽ പിടിച്ച് അവളെ നരകത്തിലേക്ക് വലിച്ചിഴക്കുന്നതാണ്.