ചോദ്യം 2: സൂറതുൽ നസ്വ്'ർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

ഉത്തരം: സൂറത്തുൽ നസ്വ്'റിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

അല്ലാഹുവിൻ്റെ സഹായവും വിജയവും വന്നുകിട്ടിയാൽ. ജനങ്ങൾ അല്ലാഹുവിൻ്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് താങ്കൾ കാണുകയും ചെയ്താൽ. നിൻ്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീർത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. (നസ്വ്'ർ: 1-3)

വിശദീകരണം:

1- "അല്ലാഹുവിൻ്റെ സഹായവും വിജയവും വന്നുകിട്ടിയാൽ." അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ മതത്തിന് അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയും, അവൻ അതിനെ പ്രതാപമുള്ളതാക്കുകയും, മക്ക വിജയിച്ചടക്കുകയും ചെയ്താൽ.

2- "ജനങ്ങൾ അല്ലാഹുവിൻ്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് താങ്കൾ കാണുകയും ചെയ്താൽ." - ജനങ്ങൾ ഇസ്ലാമിലേക്ക് ഒരോരോ നിവേദകസംഘങ്ങളായി -കൂട്ടംകൂട്ടമായി- പ്രവേശിക്കുന്നത് താങ്കൾ കാണുകയും ചെയ്താൽ.

3- "നിൻ്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം താങ്കൾ അവനെ പ്രകീർത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു." - (അത് സംഭവിച്ചാൽ) നിൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത അവസാനിക്കാറായി എന്നതിൻ്റെ അടയാളമാണത് എന്ന് നീ മനസ്സിലാക്കുക. അപ്പോൾ നിൻ്റെ രക്ഷിതാവ് നിനക്ക് നൽകിയ വിജയത്തിനും സഹായത്തിനും നന്ദിയായി കൊണ്ട്, അവനെ സ്തുതിച്ചു കൊണ്ട് പ്രകീർത്തിക്കുക. അവനോട് പാപമോചനം തേടുകയും ചെയ്യുക. തൻ്റെ അടിമകളുടെ പശ്ചാത്താപം അങ്ങേയറ്റം സ്വീകരിക്കുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്ന 'തവ്വാബ്' ആണവൻ.