ഉത്തരം: സൂറതുൽ കൗഥറിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ
തീർച്ചയായും താങ്കൾക്ക് നാം ധാരാളം നേട്ടം നല്കിയിരിക്കുന്നു. ആകയാൽ നീ നിൻ്റെ രക്ഷിതാവിന് വേണ്ടി നിസ്കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക. തീർച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലർത്തുന്നവൻ തന്നെയാകുന്നു വാലറ്റവൻ (ഭാവിയില്ലാത്തവൻ). (കൗഥർ: 1-3)
വിശദീകരണം:
1- "തീർച്ചയായും താങ്കൾക്ക് നാം ധാരാളം നേട്ടം നല്കിയിരിക്കുന്നു." അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ ചെയ്തു തന്നിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള 'കൗഥർ' എന്ന അരുവി.
2- "ആകയാൽ നീ നിൻ്റെ രക്ഷിതാവിന് വേണ്ടി നിസ്കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക." അതിനാൽ അല്ലാഹു നിനക്ക് ചെയ്തു തന്ന ഈ അനുഗ്രഹത്തിനുള്ള നന്ദിയായി അവന് വേണ്ടി മാത്രം നിസ്കരിക്കുകയും, അവന് മാത്രമായി ബലിയർപ്പിക്കുകയും ചെയ്യുക. ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ അവരുടെ വിഗ്രഹങ്ങളോട് സാമീപ്യം ലഭിക്കാൻ വേണ്ടി അവക്കായി ബലിയറുപ്പിക്കുന്നതിന് കടകവിരുദ്ധമായിരിക്കണം നിൻ്റെ ബലി.
3- "തീർച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലർത്തുന്നവൻ തന്നെയാകുന്നു വാലറ്റവൻ (ഭാവിയില്ലാത്തവൻ)." നിന്നോട് വിദ്വേഷമുള്ളവൻ തന്നെയാണ് എല്ലാ നന്മകളിൽ നിന്നും വിഛേദിക്കപ്പെടുകയും, വിസ്മരിക്കപ്പെടുകയും ചെയ്യുന്നവൻ. അവൻ്റെ പേര് പരാമർശിക്കപ്പെട്ടാൽ തന്നെയും മോശമായി കൊണ്ട് മാത്രമേ അത് പരാമർശിക്കപ്പെടുകയുള്ളൂ.