ഉത്തരം: സൂറത്തുൽ ഫാതിഹഃയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ. സർവ്വ സ്തുതികളും സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു. സർവ്വ വിശാലമായ കാരുണ്യമുള്ളവനും, അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ (അല്ലാഹുവിന്). പ്രതിഫല ദിവസത്തിൻ്റെ ഉടമസ്ഥനായ (അല്ലാഹുവിന്). നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. ഞങ്ങളെ നീ നേരായ മാർഗത്തിൽ (ഇസ്ലാമിൽ) ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. (ഫാതിഹഃ: 1-7)
ഫാതിഹഃയുടെ വിശദീകരണം:
വിശുദ്ധ ഖുർആനിൻ്റെ പ്രാരംഭം ഫാതിഹഃ സൂറത്ത് കൊണ്ടാണ് എന്നതിനാലാണ് ഈ അർത്ഥം വരുന്ന ഫാതിഹഃ എന്ന പേര് ഈ അദ്ധ്യായത്തിന് നൽകപ്പെട്ടത്.
1- അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു. അവനോട് ഞാൻ സഹായം തേടുകയും, അവൻ്റെ പേര് ഉച്ചരിച്ചു കൊണ്ട് ബറകത്ത് (അനുഗ്രഹം) തേടുകയും ചെയ്യുന്നു.
യഥാർത്ഥ ആരാധ്യൻ എന്നാണ് അല്ലാഹു എന്ന പേരിൻ്റെ അർത്ഥം. ഈ പേര് അല്ലാഹുവിനല്ലാതെ മറ്റാർക്കുമില്ല.
അർ-റഹ്മാൻ എന്നാൽ സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന, മഹത്തരമായ കാരുണ്യത്തിൻ്റെ ഉടമ എന്നാണർത്ഥം.
അർ-റഹീം എന്നാൽ അല്ലാഹുവിൽ വിശ്വസിച്ചവർക്ക് മേൽ ധാരാളമായി കരുണ ചൊരിയുന്നവൻ എന്നാണർത്ഥം.
2- എല്ലാ തരത്തിലുള്ള സ്തുതികളും നല്ല വാക്കുകളും അല്ലാഹുവിന് മാത്രമാകുന്നു.
3- അർ-റഹ്മാൻ എന്നാൽ സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന, മഹത്തരമായ കാരുണ്യത്തിൻ്റെ ഉടമ എന്നാണർത്ഥം. അർ-റഹീം എന്നാൽ അല്ലാഹുവിൽ വിശ്വസിച്ചവർക്ക് മേൽ ധാരാളമായി കരുണ ചൊരിയുന്നവൻ എന്നാണർത്ഥം.
4- പ്രതിഫലനാൾ എന്നാൽ ഖിയാമത്ത് നാളാണ് ഉദ്ദേശ്യം.
5- "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു." അല്ലാഹുവേ! നിനക്ക് മാത്രമേ ഞങ്ങൾ ആരാധനകൾ നൽകുകയുള്ളൂ. നിന്നോട് മാത്രമേ ഞങ്ങൾ സഹായം ചോദിക്കുകയുള്ളൂ.
6- "ഞങ്ങളെ നീ നേരായ മാർഗത്തിൽ (ഇസ്ലാമിൽ) ചേർക്കേണമേ." ഇസ്ലാമിലേക്കും അഹ്ലുസ്സുന്നത്തിലേക്കും ഞങ്ങളെ നയിക്കേണമേ എന്നർത്ഥം.
7- "നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല." - നബിമാരുടെയും, അവരെ പിൻപറ്റിയ അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാരുടെയും വഴിയിലേക്ക് ഞങ്ങളെ നയിക്കേണമേ! നസ്വാറാക്കളുടെയോ യഹൂദരുടെയോ വഴികളിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ.
ഫാതിഹഃ ഓതിക്കഴിഞ്ഞാൽ 'ആമീൻ' എന്ന് പറയൽ സുന്നത്താണ്. അല്ലാഹുവേ! ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ! എന്നാണ് അതിൻ്റെ അർത്ഥം.