ഉത്തരം: 'അസ്തഗ്ഫിറുല്ലാഹ്' (അല്ലാഹുവേ! എനിക്ക് പൊറുത്തു തരേണമേ!) എന്ന് മൂന്നു തവണ പറയുക.
ശേഷം ഈയർത്ഥം വരുന്ന ദുആ ചൊല്ലുക: "അല്ലാഹുവേ! നീയാണ് എല്ലാ ന്യൂനതകളിൽ നിന്നും സുരക്ഷിതനായവൻ. സുരക്ഷ നിന്നിൽ നിന്നാകുന്നു. ഏറ്റവും മഹത്വവും ആദരവുകളുമുള്ളവനേ! നീ അനുഗ്രഹസമ്പൂർണനാകുന്നു."
"അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരും തന്നെയില്ല. ഒരു കഴിവുള്ളവനും അവൻ്റെ കഴിവ് നിൻ്റെ പക്കൽ പ്രയോജനപ്പെടുകയില്ല. (നിന്നിലുള്ള വിശ്വാസവും നിന്നോടുള്ള അനുസരണയും മാത്രമാണ് പ്രയോജനപ്പെടുക.)"
"അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം (കീഴ്വണക്കം) അവന് മാത്രം നിഷ്കളങ്കരാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും."
സുബ്ഹാനല്ലാഹ് (33 പ്രാവശ്യം)
അൽഹംദുലില്ലാഹ് (33 പ്രാവശ്യം)
അല്ലാഹു അക്ബർ (33 പ്രാവശ്യം)
പിന്നീട് നൂറ് എണ്ണം പൂർത്തീകരിച്ചു കൊണ്ട് പറയുക: "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും.അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."
സുബ്ഹ്, മഗ്രിബ് എന്നീ നിസ്കാരങ്ങളിൽ ഇത്രയും ചൊല്ലിയതിന് ശേഷം സൂറതുൽ ഇഖ്'ലാസും സൂറതുൽ ഫലഖും സൂറതുന്നാസും മൂന്നു തവണ വീതം പാരായണം ചെയ്യുക. മറ്റു നിസ്കാരങ്ങൾക്ക് ശേഷം ഈ സൂറത്തുകൾ ഒരു തവണ പാരായണം ചെയ്താൽ മതി.
ശേഷം ആയതുൽ കുർസിയ്യ് ഒരു തവണ പാരായണം ചെയ്യുക.