ഉത്തരം: നിസ്കാരത്തിൻ്റെ രൂപം ഇപ്രകാരമാണ്:
1- ശരീരം മുഴുവൻ ഖിബ്'ലക്ക് നേരെ തിരിച്ചു വെക്കുക. ഖിബ്'ലയിൽ നിന്ന് ചെരിയുകയോ ദിശ മാറുകയോ ചെയ്യരുത്.
2- ശേഷം അവൻ നിസ്കരിക്കാൻ പോകുന്നത് എന്താണോ, അത് നിയ്യത്ത് കരുതുക. നിയ്യത്ത് ഹൃദയത്തിലാണ്; നാവ് കൊണ്ട് അത് ഉച്ചരിക്കേണ്ട കാര്യമില്ല.
3- ശേഷം 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞു കൊണ്ട് തക്ബീറതുൽ ഇഹ്റാം കെട്ടുക. രണ്ട് കൈകളും ഈ സന്ദർഭത്തിൽ തോളു വരെ ഉയർത്തുക.
4- ശേഷം തൻ്റെ വലതു കൈപ്പത്തി ഇടത് കൈപ്പത്തിയുടെ പുറംഭാഗത്തായി -നെഞ്ചിന് മുകളിൽ- വെക്കുക.
5- ശേഷം പ്രാരംഭപ്രാർത്ഥന ചൊല്ലുക: (സാരം:) "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ളവസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"
അതല്ലെങ്കിൽ ഇപ്രകാരം ചൊല്ലുക: (സാരം) "അല്ലാഹുവെ! നീയെത്ര പരിശുദ്ധൻ! നിന്നെ ഞാൻ സ്തുതിക്കുന്നു. നിൻ്റെ നാമം എല്ലാ നന്മകളും നിറഞ്ഞതാകുന്നു. നിൻ്റെ മഹത്വം ഉന്നതമാകുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല."
6- ശേഷം അഊദു ചൊല്ലുക. "ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ ശരണം തേടുന്നു." 7- ശേഷം ബിസ്മി ചൊല്ലുകയും, സൂറത്തുൽ ഫാതിഹഃ പാരായണം നടത്തുകയും ചെയ്യുക. (അർത്ഥം) പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ സർവ്വ സ്തുതികളും സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു. സർവ്വ വിശാലമായ കാരുണ്യമുള്ളവനും, അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ (അല്ലാഹുവിന്). പ്രതിഫല ദിവസത്തിൻ്റെ ഉടമസ്ഥന്. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. ഞങ്ങളെ നീ നേരായ മാർഗത്തിൽ (ഇസ്ലാമിൽ) ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. (ഫാതിഹഃ: 1-7)
ശേഷം 'ആമീൻ' പറയുക. 'അല്ലാഹുവേ! പ്രാർത്ഥനക്ക് ഉത്തരം നൽകണേ!' എന്നാണ് അതിൻ്റെ അർത്ഥം.
8- ശേഷം ഖുർആനിൽ നിന്ന് സാധിക്കുന്നത് പാരായണം ചെയ്യുക. സുബ്ഹ് നിസ്കാരത്തിൽ ഈ പാരായണം അധികരിപ്പിക്കുന്നത് സുന്നത്താണ്.
9- ശേഷം റുകൂഅ് ചെയ്യുക; അല്ലാഹുവിനോടുള്ള ആദരവായി കൊണ്ട് അവൻ തൻ്റെ മുതുക് കുനിക്കലാണ് റുകൂഅ്. റുകൂഇൻ്റെ സന്ദർഭത്തിൽ തക്ബീർ ചൊല്ലുകയും, രണ്ട് കൈകളും തോളിന് നേരെയാകുന്ന വിധത്തിൽ ഉയർത്തുകയും ചെയ്യണം. മുതുക് പരത്തി വെക്കുക എന്നതും, ശിരസ്സ് അതിന് നേരെയാകും വിധം വെക്കുക എന്നതും, രണ്ട് കൈകളും മുട്ടിന് മേൽ വെക്കുകയും, വിരലുകൾ വിടർത്തിപിടിക്കുകയും ചെയ്യുക എന്നതാണ് സുന്നത്ത്.
10- റുകൂഇൽ 'മഹോന്നതനായ എൻ്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നു' എന്നർത്ഥം വരുന്ന ദിക്ർ ചൊല്ലുക. 'അല്ലാഹുവേ! നിന്നെ പരിശുദ്ധപ്പെടുത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. എനിക്ക് നീ പൊറുത്തു തരണേ!' എന്നർത്ഥമുള്ള ദിക്ർ അധികമായി ചൊല്ലിയാൽ അത് കൂടുതൽ നല്ലത്.
11- ശേഷം റുകൂഇൽ നിന്ന് തലയുയർത്തുകയും 'അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടിരിക്കുന്നു' എന്നർത്ഥമുള്ള വാക്ക് പറയുകയും ചെയ്യുക. കൈകൾ തോളിന് നേരെയാകുന്ന വിധത്തിൽ ഈ സന്ദർഭത്തിലും ഉയർത്തണം. എന്നാൽ ഇമാമിനെ പിന്തുടർന്ന് നിസ്കരിക്കുന്ന മഅ്മൂം ഇപ്രകാരം പറയേണ്ടതില്ല. മറിച്ച്, ഇതിന് പകരമായി 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്നർത്ഥം വരുന്ന ദിക്റാണ് അവൻ ചൊല്ലേണ്ടത്.
12- റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം പറയുക: (അർത്ഥം) "ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും. ആകാശങ്ങളും ഭൂമിയും നിറയെ. അതിന് ശേഷം നീ ഉദ്ദേശിക്കുന്നതെല്ലാം നിറയെ."
13- ശേഷം ഒന്നാമത്തെ സുജൂദ് ചെയ്യുക. സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയണം. ഏഴ് അവയവങ്ങൾക്ക് മേലാണ് ഒരാൾ സുജൂദ് ചെയ്യേണ്ടത്; നെറ്റി, മൂക്ക്, രണ്ട് കൈപ്പത്തികൾ, രണ്ട് കാല്മുട്ടുകൾ, കാൽപ്പാദങ്ങളുടെ അറ്റങ്ങൾ എന്നിവയാണവ. സുജൂദിൽ രണ്ട് പാർശ്വങ്ങളിൽ നിന്നും കൈമുട്ടുകൾ അകറ്റി പിടിക്കണം. കൈത്തണ്ട ഭൂമിയിൽ പരത്തി വെക്കാൻ പാടില്ല. അവൻ്റെ വിരലുകൾ ഖിബ്'ലയുടെ ദിശയിലേക്ക് ആയിരിക്കുകയും വേണം.
14- സുജൂദിൽ 'ഔന്നത്യമുടയവനായ എൻ്റെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു' എന്നർത്ഥം വരുന്ന ദിക്ർ ചൊല്ലുക. 'അല്ലാഹുവേ! നിന്നെ പരിശുദ്ധപ്പെടുത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. എനിക്ക് നീ പൊറുത്തു തരണേ!' എന്നർത്ഥമുള്ള ദിക്ർ അധികമായി ചൊല്ലിയാൽ അത് കൂടുതൽ നല്ലത്.
15- ശേഷം 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് സുജൂദിൽ നിന്ന് തലയുയർത്തുക.
16- ശേഷം രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരിക്കുക; അവൻ്റെ ഇടതു കാലിന് മുകളിൽ ഇരിക്കുകയും, വലതു കാൽ കുത്തിവെക്കുകയുമാണ് വേണ്ടത്. വലതു കൈ വലതു കാലിൻ്റെ തുടയുടെ അറ്റത്ത് -മുട്ടിനോട് ചേർത്ത നിലയിൽ- വെക്കുകയും, ചെറുവിരലും മോതിരവിരലും മടക്കി പിടിക്കുകയും, ചൂണ്ടുവിരൽ ഉയർത്തിപ്പിടിക്കുകയും പ്രാർത്ഥനയുടെ സന്ദർഭത്തിൽ അത് ചലിപ്പിക്കുകയും ചെയ്യുക. തള്ളവിരലിൻ്റെ അറ്റം നടുവിരലിൻ്റെ അറ്റത്തിനോട് ചേർത്ത നിലയിൽ ഒരു വളയം പോലെ വെക്കുക. ഇടതു കൈ വിരലുകൾ പരത്തി വെച്ച നിലയിൽ ഇടതു തുടയുടെ അറ്റത്ത് -മുട്ടിനോട് ചേർന്ന സ്ഥലത്ത്- വെക്കുകയും വേണം.
17- രണ്ട് സുജൂദുകൾക്ക് ഇടയിലുള്ള ഇരുത്തത്തിൽ ഇപ്രകാരം പറയുക: (സാരം:) "എൻ്റെ രക്ഷിതാവേ! എനിക്ക് നീ പൊറുത്തു തരികയും എന്നോട് കരുണ കാണിക്കുകയും എനിക്ക് സന്മാർഗം നൽകുകയും ഉപജീവനം നൽകുകയും എൻ്റെ കുറവുകൾ നികത്തുകയും എനിക്ക് സൗഖ്യം നൽകുകയും ചെയ്യേണമേ!"
18- ശേഷം രണ്ടാമത്തെ സുജൂദിലേക്ക് പോവുക; ഇത് ആദ്യത്തെ സുജൂദിനെ പോലെ തന്നെ. അവിടെ ചെയ്തതും പറഞ്ഞതും ഇവിടെയും ആവർത്തിക്കണം. സുജൂദിലേക്ക് പോകുന്ന സന്ദർഭത്തിൽ അല്ലാഹു അക്ബർ എന്ന് തക്ബീർ ചൊല്ലുകയും വേണം.
19- ശേഷം രണ്ടാമത്തെ സുജൂദിൽ നിന്ന് 'അല്ലാഹു അക്ബർ' എന്ന് ചൊല്ലിക്കൊണ്ട് എഴുന്നേൽകുക. ആദ്യത്തെ റക്അത്ത് പോലെ തന്നെ രണ്ടാമത്തെ റക്അത്തും നിസ്കരിക്കുക; അതിൽ പറഞ്ഞതും ചെയ്തതുമെല്ലാം രണ്ടാമത്തെ റക്അത്തിലും വേണം; പ്രാരംഭപ്രാർത്ഥന ഒഴികെ.
20- രണ്ടാമത്തെ റക്അത്ത് കഴിഞ്ഞതിന് ശേഷം അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുകയും, രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരുന്ന രൂപത്തിൽ ഇവിടെ ഇരിക്കുകയും ചെയ്യുക.
21- ഈ ഇരുത്തത്തിൽ തശഹ്ഹുദ് പാരായണം ചെയ്യുക. (സാരം) "സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ സ്വലാത് വർഷിച്ചതു (അല്ലാഹുവിൻ്റെ ഉന്നതമായ സദസ്സിൽ അവൻ നബിയെ സ്മരിക്കലാണ് അല്ലാഹുവിൻ്റെ സ്വലാത് എന്നത് കൊണ്ടുള്ള ഉദ്ദേശം) പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ സ്വലാത് വർഷിക്കേണമേ. തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു." ശേഷം അവന് ഇഷ്ടമുള്ള പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ട് ഇഹപരലോകത്തെ നന്മകൾ അവന് ചോദിക്കാവുന്നതാണ്.
22- ശേഷം വലതു ഭാഗത്തേക്ക് 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് സലാം വീട്ടുക; പിന്നീട് ഇടതു ഭാഗത്തേക്കും ഇതു പോലെ ചെയ്യുക.
23- നിസ്കാരം മൂന്ന് റക്അത്തുള്ളതോ നാലു റക്അത്തുള്ളതോ ആണെങ്കിൽ ഒന്നാമത്തെ തശഹ്ഹുദിൻ്റെ അവസാനത്തിൽ -അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു' എന്ന ഭാഗം- വരെ അവൻ ചൊല്ലുക.
24- ശേഷം അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൊണ്ട് എഴുന്നേൽക്കുക. രണ്ട് കൈകളും തോളിന് നേരെ വരുന്ന രൂപത്തിൽ അവൻ ഉയർത്തുകയും വേണം.
25- ശേഷം ബാക്കിയുള്ള നിസ്കാരം രണ്ടാമത്തെ റക്അത്തിലേതു പോലെ പൂർത്തീകരിക്കുക; എന്നാൽ ഫാതിഹഃക്ക് ശേഷമുള്ള സൂറത്ത് ഈ റക്അത്തിൽ വേണ്ടതില്ല.
26- ശേഷം തവർറുകിൻ്റെ ഇരുത്തം ഇരിക്കുക; അവൻ്റെ വലതു കാൽപാദം കുത്തി നിർത്തുകയും, ഇടതുകാൽ പാദം അവൻ്റെ വലതു കാലിൻ്റെ കണങ്കാലിന് ഇടയിലൂടെ പുറത്തു കൊണ്ടുവരികയും ചെയ്യുക. പൃഷ്ഠം ഭൂമിയിലേക്ക് അമർത്തി വെക്കുകയും, തൻ്റെ രണ്ട് കൈകളും ഒന്നാമത്തെ തശഹ്ഹുദിൽ ചെയ്തതു പോലെ കാൽത്തുടകളുടെ മേൽ വെക്കുകയും ചെയ്യുക.
27- ഈ ഇരുത്തത്തിൽ തശഹ്ഹ്ദ് മുഴുവനായും ചൊല്ലണം.
28- ശേഷം വലതു ഭാഗത്തേക്ക് 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് സലാം വീട്ടുക; പിന്നീട് ഇടതു ഭാഗത്തേക്കും ഇതു പോലെ ചെയ്യുക.