ചോദ്യം 6: 'മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനത്തിന്റെ അർത്ഥം എന്താണ്?

ഉത്തരം: മുഹമ്മദ് നബി -ﷺ- യെ അല്ലാഹു അവൻ്റെ ദൂതനായി എല്ലാ ലോകരിലേക്കും നിയോഗിച്ചിരിക്കുന്നു. സ്വർഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, നരകത്തെ കുറിച്ച് താക്കീത് നൽകുകയും ചെയ്യുന്നവരാണ് അവർ.

നമ്മളെല്ലാം നിർബന്ധമായും:

1- നബി -ﷺ- കൽപ്പിച്ച കാര്യങ്ങളെല്ലാം അനുസരിക്കണം.

2- നബി -ﷺ- പറഞ്ഞതെല്ലാം വിശ്വസിക്കണം.

3- നബി -ﷺ- യെ ഒരിക്കലും ധിക്കരിക്കരുത്.

4- നബി -ﷺ- പഠിപ്പിച്ചതു പോലെ മാത്രം അല്ലാഹുവിനെ ആരാധിക്കണം. അഥവാ, സുന്നത്ത് (നബിചര്യ) പിൻപറ്റുകയും, ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കിയത്) ഉപേക്ഷിക്കുകയും ചെയ്യണം.

അല്ലാഹു പറയുന്നു: "ആരെങ്കിലും അല്ലാഹുവിൻ്റെ റസൂലിനെ അനുസരിച്ചാൽ അവൻ അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു." (നിസാഅ്: 80). അല്ലാഹു പറയുന്നു: "മുഹമ്മദ് നബി തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അവിടുന്ന് സംസാരിക്കുന്നതെല്ലാം അല്ലാഹുവിൽ നിന്ന് നൽകപ്പെടുന്ന സന്ദേശപ്രകാരമാണ്." (നജ്മ്: 3-4) അല്ലാഹു പറയുന്നു: "തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൻ്റെ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തു വരുന്നവർക്ക്." (അഹ്സാബ്: 21)