ചോദ്യം 33: അല്ലാഹുവിൻ്റെ ഈ നാമങ്ങൾ വിശദീകരിക്കാമോ?

ഉത്തരം: അല്ലാഹു: യഥാർത്ഥ ആരാധ്യനും, സർവ്വ ഇബാദത്തുകൾക്കും അർഹതയുള്ളവനുമായ ഏകആരാധ്യൻ എന്നാണ് അതിൻ്റെ അർത്ഥം.

അർ-റബ്ബ്: സർവ്വരെയും സൃഷ്ടിച്ചവനും സർവ്വരുടെയും ഉടമസ്ഥനും എല്ലാവർക്കും ഉപജീവനം നൽകുന്നവനും എല്ലാവരെയും നിയന്ത്രിക്കുന്നവനുമാണ് റബ്ബ്.

അസ്സമീഅ്: എല്ലാ കാര്യങ്ങളും കേൾക്കുന്നവനാണ് അവൻ. വ്യത്യസ്തങ്ങളും വിവിധങ്ങളുമായ എല്ലാ ശബ്ദങ്ങളും അവൻ കേൾക്കുന്നു.

അൽ-ബസ്വീർ: എല്ലാ കാര്യങ്ങളും കാണുന്നവൻ; ചെറുതാകട്ടെ വലുതാകട്ടെ, അവയെല്ലാം അല്ലാഹു കാണുന്നതാണ്.

അൽ-അലീം: എല്ലാ കാര്യങ്ങളെയും സൂക്ഷ്മമായി അറിഞ്ഞവൻ; കഴിഞ്ഞു പോയതും നടന്നു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമെല്ലാം അവൻ അറിഞ്ഞിരിക്കുന്നു.

അർ-റഹ്മാൻ: സർവ്വ സൃഷ്ടികൾക്കും ജീവികൾക്കും തൻ്റെ വിശാലമായ കാരുണ്യം നൽകിയവൻ. അല്ലാഹുവിൻ്റെ കാരുണ്യത്തിന് കീഴിലാണ് എല്ലാ സൃഷ്ടികളും എല്ലാ മനുഷ്യരുമുള്ളത്.

അർ-റസാഖ്: മനുഷ്യർക്കും ജിന്നുകൾക്കും മറ്റേതെല്ലാം ജീവികളുണ്ടോ അവക്കുമെല്ലാം ഉപജീവനം നൽകുന്നവനാണ് അല്ലാഹു.

അൽഹയ്യ്: ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അല്ലാഹു. എല്ലാ സൃഷ്ടികളും മരിക്കുന്നതാണ്.

അൽഅദ്വീം: എല്ലാ നിലക്കും പരിപൂർണ്ണതയുള്ളവൻ. അവൻ്റെ പേരുകളും വിശേഷണങ്ങളും പ്രവർത്തികളുമെല്ലാം അതീവ മഹത്തരമാണ്.