ഉത്തരം: അല്ലാഹുവിലുള്ള വിശ്വാസം എന്നാൽ ഉദ്ദേശിക്കുന്നത്:
* അല്ലാഹുവാണ് നിന്നെ സൃഷ്ടിക്കുകയും നിനക്ക് ഭക്ഷണം നൽകുകയും ചെയ്തതെന്നും വിശ്വസിക്കലാണ്. അവനാണ് നിൻ്റെ ഉടമസ്ഥനും, എല്ലാ സൃഷ്ടികളെയും നിയന്ത്രിക്കുന്നവനും.
* അവനാണ് ആരാധനകൾ (ഇബാദത്തുകൾ) നൽകപ്പെടാൻ അർഹതയുള്ളവൻ; അവന് പുറമെ ആരാധിക്കപ്പെടാവുന്ന ആരും തന്നെയില്ല.
* അല്ലാഹു ഏറ്റവും വലിയവനും എല്ലാ പൂർണ്ണതയും ഉള്ളവനുമാണ്. സർവ്വ സ്തുതികളും അവന് മാത്രമാണ്. ഏറ്റവും നല്ല പേരുകളും, ഏറ്റവും ഉന്നതമായ വിശേഷണങ്ങളും അല്ലാഹുവിനുണ്ട്. അവന് ഒരു പങ്കുകാരനുമില്ല. ലോകത്തിലെ ഒരു വസ്തുവും അല്ലാഹുവിനെ പോലെയില്ല.
മലക്കുകളിലുള്ള വിശ്വാസം എന്നാൽ:
മലക്കുകൾ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട ഒരു വിഭാഗമാണ് എന്ന് വിശ്വസിക്കലാണ്. അല്ലാഹു പ്രകാശത്തിൽ നിന്നാണ് അവരെ പടച്ചത്. അല്ലാഹുവിനെ ആരാധിക്കാനും, അവൻ്റെ കൽപ്പനകൾ പരിപൂർണ്ണമായി അനുസരിക്കാനുമാണ് മലക്കുകളെ അല്ലാഹു സൃഷ്ടിച്ചത്.
മലക്കുകളിൽ പെട്ട ഒരു വ്യക്തിയാണ് ജിബ്രീൽ -عَلَيْهِ السَّلَامُ-. നബിമാർക്കെല്ലാം അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു കൊടുക്കുന്നത് ജിബ്രീലാണ്.
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം എന്നാൽ:
അല്ലാഹു അവൻ്റെ റസൂലുകൾക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ വിശ്വസിക്കലാണ്.
മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ.
ഈസാ നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീൽ.
മൂസാ നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് തൗറാത്ത്.
ദാവൂദ് നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് സബൂർ.
ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ക്കും മൂസാ നബി -عَلَيْهِ السَّلَامُ- ക്കും മേൽ അവതരിപ്പിക്കപ്പെട്ട ഏടുകളും ഇതിൽ പെടും.
അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള വിശ്വാസം എന്നാൽ:
അല്ലാഹു അവൻ്റെ ദാസന്മാരിലേക്ക് നബിമാരെയും റസൂലുകളെയും അയച്ചിട്ടുണ്ട് എന്ന് വിശ്വസിക്കലാണ്. അവർ ജനങ്ങൾക്ക് സ്വർഗത്തെ കുറിച്ചും നന്മകളെ കുറിച്ചും സന്തോഷവാർത്ത അറിയിക്കുകയും, നരകത്തെ കുറിച്ചും തിന്മകളെ കുറിച്ചും താക്കീത് നൽകുകയും ചെയ്തവരാണ്.
നബിമാരിൽ ഏറ്റവും ശ്രേഷ്ഠർ ഉലുൽ അസ്മിൽ പെട്ടവരാണ്. അവർ അഞ്ചു പേരുണ്ട്.
നൂഹ് നബി -عَلَيْهِ السَّلَامُ-.
ഇബ്രാഹീം നബി -عَلَيْهِ السَّلَامُ-.
മൂസാ നബി -عَلَيْهِ السَّلَامُ-.
ഈസാ നബി -عَلَيْهِ السَّلَامُ-.
മുഹമ്മദ് നബി -ﷺ-
അന്ത്യ ദിനത്തിലുള്ള വിശ്വാസം എന്നാൽ:
മരണത്തിന് ശേഷം ഖബ്റിൽ ജീവിതമുണ്ട്, അന്ത്യനാൾ സംഭവിക്കുന്നതാണ്, അല്ലാഹു മനുഷ്യരെ മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്, അവരുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യുന്നതാണ്, നന്മ ചെയ്തവർ സ്വർഗത്തിലും, തിന്മ ചെയ്തവർ നരകത്തിലും പ്രവേശിക്കപ്പെടുന്നതാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശ്വസിക്കലാണ്.
6- ഖദാ ഖദറിലും (അല്ലാഹുവിൻ്റെ വിധിയിലുള്ള) അതിൻ്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം.
ലോകത്തിൽ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന് അറിയാമെന്നും, അവയെല്ലാം അവൻ 'ലൗഹുൽ മഹ്ഫൂദ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും, അവനാണ് എല്ലാം സൃഷ്ടിച്ചത് എന്നും വിശ്വസിക്കലാണ്.
അല്ലാഹു പറയുന്നു: "എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചത് കൃത്യമായ നിർണ്ണയത്തോടെയാണ്." (ഖമർ: 49)
അല്ലാഹുവിൻ്റെ വിധി നാല് പടികളാണ്:
ഒന്ന്: അല്ലാഹുവിൻ്റെ അറിവ്. അല്ലാഹു എല്ലാ കാര്യങ്ങളും എന്നേ അറിഞ്ഞവനാണ്. കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപും, ശേഷവും അവൻ അതിനെ കുറിച്ച് അറിയുന്നു.
അല്ലാഹു പറയുന്നു: തീർച്ചയായും അല്ലാഹുവിൻ്റെ പക്കലാണ് അന്ത്യ സമയത്തെ സംബന്ധിച്ചുള്ള അറിവ്. അവൻ മഴ വർഷിപ്പിക്കുന്നു. ഗർഭാശയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (ലുഖ്മാൻ: 34)
രണ്ട്: അല്ലാഹു അറിഞ്ഞത് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയിരിക്കുന്നു. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും അവൻ്റെ പക്കൽ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
അല്ലാഹു പറയുന്നു: "അവൻ്റെ പക്കലാകുന്നു അദൃശ്യകാര്യത്തിൻ്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെയില്ല." (അൻആം: 59)
മൂന്ന്: അല്ലാഹുവിൻ്റെ ഉദ്ദേശ്യപ്രകാരമല്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. അല്ലാഹുവിൽ നിന്നോ അവൻ്റെ സൃഷ്ടികളിൽ നിന്നോ എന്തൊരു കാര്യം സംഭവിക്കുന്നെങ്കിലും അത് അവൻ്റെ ഉദ്ദേശ്യപ്രകാരമല്ലാതെ സംഭവിക്കില്ല.
അല്ലാഹു പറയുന്നു: അതായത് നിങ്ങളുടെ കൂട്ടത്തിൽ നിന്ന് നേരെ നിലകൊള്ളാൻ ഉദ്ദേശിച്ചവർക്ക് വേണ്ടി. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല.'' (തക്വീർ: 28, 29)
നാല്: സർവ്വ വസ്തുക്കളെയും അല്ലാഹുവാണ് സൃഷ്ടിച്ചത് എന്ന വിശ്വാസം. അവയുടെ രൂപവും വിശേഷണങ്ങളും ചലനങ്ങളും അവയിലുള്ള മറ്റെല്ലാ കാര്യങ്ങളും അല്ലാഹുവാണ് സൃഷ്ടിച്ചത്.
അല്ലാഹു പറയുന്നു: അല്ലാഹുവാണ് നിങ്ങളെയും നിങ്ങൾ നിർമ്മിച്ചുണ്ടാക്കുന്നവയെയും സൃഷ്ടിച്ചത്.'' (സ്വാഫാത്ത്: 96)