ഉത്തരം: അമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "പ്രവർത്തനങ്ങൾ ഉദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണ് ഉണ്ടായിരിക്കുക. ആരുടെയെങ്കിലും പലായനം അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കുമാണെങ്കിൽ അവൻ്റെ ആ പലായനം അല്ലാഹുവിലേക്കും റസൂലിലേക്കുമാണ്. ആരുടെയെങ്കിലും പലായനം നേടാനുദ്ദേശിക്കുന്ന എന്തെങ്കിലും ഐഹികവിഭവത്തിനോ, വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീക്ക് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പലായനം അവൻ എന്തിലേക്കാണോ ചെയ്തത്; അതിലേക്കാണ്." ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഏതൊരു പ്രവർത്തിക്കും മുൻപ് നിയ്യത്ത് ഉണ്ടായിരിക്കണം. നിസ്കാരവും നോമ്പും ഹജ്ജും മറ്റു പ്രവർത്തനങ്ങൾക്കുമെല്ലാം നിയ്യത്ത് ഉണ്ടായിരിക്കണം.
2- നിയ്യത്ത് വെക്കുമ്പോൾ അല്ലാഹുവിന് വേണ്ടി മാത്രമാണ് ഞാൻ ഈ പ്രവർത്തനം ചെയ്യുന്നത് എന്ന ഉദ്ദേശ്യം ഉണ്ടായിരിക്കണം.
ഹദീഥ് (2)
ഉത്തരം: ഉമ്മുൽ മുഅ്മിനീൻ ഉമ്മു അബ്ദില്ലാഹ് ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ്." ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ദീനിൽ പുതിയ കാര്യങ്ങൾ നിർമ്മിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു.
2- ഇസ്ലാമിൽ കടത്തികൂട്ടപ്പെട്ട പുതിയ കാര്യങ്ങൾ തള്ളിക്കളയേണ്ടതാണ്; അവ സ്വീകരിക്കരുത്.
ഹദീഥ് (3)
ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുന്ന വേളയിൽ ഒരു വ്യക്തി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. തൂവെള്ള നിറമുള്ള വസ്ത്രവും, കറുകറുത്ത മുടിയുമാണ് അദ്ദേഹത്തിൻ്റേത്. യാത്രയുടെ അടയാളങ്ങളൊന്നും അദ്ദേഹത്തിൽ കാണപ്പെട്ടില്ല. ഞങ്ങളിലാർക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി -ﷺ- യുടെ അരികിലേക്ക് വന്നിരിക്കുകയും, തൻ്റെ കാൽമുട്ട് നബി -ﷺ- യുടെ കാൽമുട്ടിനോട് ചേർത്തു വെക്കുകയും, തൻ്റെ കൈപ്പത്തികൾ അവിടുത്തെ തുടമേൽ വെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: മുഹമ്മദ്! ഇസ്ലാമിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക?! നബി -ﷺ- പറഞ്ഞു: "ഇസ്ലാം എന്നാൽ താങ്കൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലും, നമസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കലും, സാധ്യമാണെങ്കിൽ ഹജ്ജ് നിർവ്വഹിക്കുകയും ചെയ്യലാണ്." അദ്ദേഹം പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ഞങ്ങൾ അയാളുടെ കാര്യത്തിൽ അത്ഭുതപ്പെട്ടു; നബി -ﷺ- യോട് ചോദിക്കുകയും, പറഞ്ഞത് ശരിയാണെന്ന് അയാൾ തന്നെ സത്യപ്പെടുത്തുകയും ചെയ്യുകയോ?! (ശേഷം) അദ്ദേഹം ചോദിച്ചു: എങ്കിൽ ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക? നബി -ﷺ- പറഞ്ഞു: "ഈമാൻ എന്നാൽ നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ -അതിൻ്റെ നന്മയിലും തിന്മയിലും- വിശ്വസിക്കലുമാണ്." അദ്ദേഹം പറഞ്ഞു: താങ്കൾ പറഞ്ഞത് ശരിയാണ്. എങ്കിൽ എനിക്ക് ഇഹ്സാനിനെ കുറിച്ച് പറഞ്ഞു തരിക! നബി -ﷺ- പറഞ്ഞു: "(ഇഹ്സാൻ എന്നാൽ) അല്ലാഹുവിനെ കാണുന്നത് പോലെ താങ്കൾ അവനെ ആരാധിക്കലാണ്. താങ്കൾ അവനെ കാണുന്നില്ലെങ്കിലും അവൻ താങ്കളെ കാണുന്നുണ്ട്." അദ്ദേഹം പറഞ്ഞു: "എങ്കിൽ അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി -ﷺ- പറഞ്ഞു: "ചോദിക്കപ്പെടുന്ന വ്യക്തി ചോദ്യകർത്താവിനേക്കാൾ കൂടുതലായി അതിനെ കുറിച്ച് യാതൊരു അറിവുമുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "അടിമ സ്ത്രീ തൻ്റെ ഉടമസ്ഥയെ പ്രസവിക്കലും, നഗ്നരും നഗ്നപാദരും ദരിദ്രരുമായ ആട്ടിടയന്മാർ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ പരസ്പരം മത്സരിക്കലുമാണ്." ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ നബി -ﷺ- പറഞ്ഞു: "ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും അറിയുക." അവിടുന്ന് പറഞ്ഞു: "അത് ജിബ്രീലാണ്. നിങ്ങൾക്ക് നിങ്ങളുടെ മതം പഠിപ്പിച്ചു നൽകുന്നതിനായി വന്നതാണ്." (മുസ്ലിം)
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഇസ്ലാമിൻ്റെ അഞ്ച് സ്തംഭങ്ങൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. അവ താഴെ പറയുന്നതാണ്:
ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ.
നിസ്കാരം നിലനിർത്തൽ.
സകാത്ത് നൽകൽ.
റമദാൻ മാസത്തിൽ നോമ്പെടുക്കൽ.
അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കൽ.
2- ഈമാനിൻ്റെ ആറ് സ്തംഭങ്ങൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. അവ താഴെ പറയുന്നതാണ്:
അല്ലാഹുവിലുള്ള വിശ്വാസം
അല്ലാഹുവിൻ്റെ മലക്കുകളിലുള്ള വിശ്വാസം.
അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളിലെ വിശ്വാസം.
അല്ലാഹുവിൻ്റെ റസൂലുകളിലുള്ള വിശ്വാസം.
അന്ത്യനാളിലുള്ള വിശ്വാസം.
ഖദാ ഖദറിലുള്ള (അല്ലാഹുവിൻ്റെ വിധിയിലുള്ള) -അതിൻ്റെ നന്മയിലും തിന്മയിലുമുള്ള- വിശ്വാസം.
3- ഇഹ്സാനിൻ്റെ സ്തംഭം ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു: അല്ലാഹുവിനെ നീ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണത്; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
4- അന്ത്യനാൾ സംഭവിക്കുന്ന സമയമോ ദിവസമോ ഒരാൾക്കും അറിയുന്നതല്ല.
ഹദീഥ് (4)
ഉത്തരം: അബൂ സഈദ് അൽ ഖുദ്രി (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണമായും ഈമാനുള്ളവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്." (തിർമിദി)
ഹദീസിൽ നിന്നുള്ള ഗുണ പാഠങ്ങൾ
1- സൽസ്വഭാവം പുലർത്താനുള്ള പ്രോത്സാഹനവും പ്രേരണയും.
2- സൽസ്വഭാവത്തിൻ്റെ പൂർണ്ണത ഈമാനിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്.
3- ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യുന്നതാണ്.
ഹദീഥ് (5)
ഉത്തരം: അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ അവൻ കുഫ്ർ പ്രവർത്തിച്ചിരിക്കുന്നു; അല്ലെങ്കിൽ ശിർക് ചെയ്തിരിക്കുന്നു." (തിർമിദി)
ഹദീസിൽ നിന്നുള്ള ഗുണപാഠങ്ങൾ
- അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക എന്നത് അനുവദനീയമല്ല.
- അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്യുക എന്നത് ശിർകിൽ പെടുന്ന കാര്യമാണ്.
ഹദീഥ് (6)
ഉത്തരം: അനസ് (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "തൻ്റെ സന്താനത്തേക്കാളും, മാതാപിതാക്കളേക്കാളും, സർവ്വ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനായി തീരുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല." ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
- എല്ലാ ജനങ്ങളെക്കാളും നബി -ﷺ- യെ സ്നേഹിക്കുക എന്നത് നിർബന്ധമാണ്.
- ഈമാനിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് ഇക്കാര്യം.
ഹദീഥ് (7)
ഉത്തരം: അനസ് (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും വിശ്വാസികളാവുകയില്ല." ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- നിൻ്റെ സ്വന്തത്തിന് വേണ്ടി നീ ആഗ്രഹിക്കുന്ന നല്ല കാര്യം നിൻ്റെ സഹോദരങ്ങളായ മുസ്ലിംകൾക്ക് ലഭിക്കണമെന്നും നിനക്ക് ആഗ്രഹമുണ്ടായിരിക്കണം.
- ഈമാനിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് ഇക്കാര്യം.
ഹദീഥ് (8)
ഉത്തരം: അബൂ സഈദ് (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! തീർച്ചയായും അത് (സൂറതുൽ ഇഖ്'ലാസ്) ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യമാണ്." (ബുഖാരി)
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- സൂറതുൽ ഇഖ്'ലാസിൻ്റെ ശ്രേഷ്ഠത.
2- ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യമാണ് സൂറ. ഇഖ്'ലാസ്.
ഹദീഥ് (9)
ഉത്തരം: അബൂ മൂസാ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് (അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല) എന്ന വാക്ക് സ്വർഗത്തിലെ നിധികളിലൊരു നിധിയാണ്." ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഈ ദിക്റിൻ്റെ ശ്രേഷ്ഠതയും, അത് സ്വർഗത്തിലെ നിധികളിലൊരു നിധിയാണെന്നതും.
2- ഒരാളും തന്റെ കഴിവിലോ ശക്തിയിലോ അല്ല അവലംബമർപ്പിക്കേണ്ടത്. അവൻ്റെ കാര്യങ്ങളെല്ലാം അവൻ അല്ലാഹുവിൻ്റെ മേലാണ് ഏൽപ്പിക്കേണ്ടത്.
ഹദീഥ് (10)
ഉത്തരം: നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് ശരിയായാൽ ശരീരം മുഴുവൻ ശരിയാകും. അത് മോശമായാൽ ശരീരം മുഴുവൻ മോശമാകും. അറിയുക! ഹൃദയമാകുന്നു അത്." ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഹൃദയം ശരിയാകുന്നതോടെ മനുഷ്യൻ്റെ ഉള്ളും പുറവും നന്നാകും.
2- ഹൃദയം നന്നാക്കാൻ ശ്രദ്ധയോടെ പരിശ്രമിക്കണം; കാരണം മനുഷ്യൻ നന്നാകുന്നത് അതിലൂടെയാണ്.
ഹദീഥ് (11)
ഉത്തരം: മുആദ് ബ്നു ജബൽ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ആരുടെയെങ്കിലും അവസാന വാക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്നായാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്." (അബൂദാവൂദ്)
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ ശ്രേഷ്ഠതയും, അതു മുഖേന അടിമകൾ സ്വർഗത്തിൽ പ്രവേശിക്കുമെന്നതും.
2- ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് പറഞ്ഞു കൊണ്ട് മരിക്കുന്നവർക്കുള്ള ശ്രേഷ്ഠത.
ഹദീഥ് (12)
ഉത്തരം: അബ്ദുല്ലാഹി ബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ഒരു മുഅ്മിൻ ഒരിക്കലും കുത്തിപ്പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല." (തിർമിദി)
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- നിരർത്ഥകമോ മോശമോ ആയ ഒരു വാക്കും പറയരുത്.
2- മുഅ്മിനിൻ്റെ നാവ് കൊണ്ട് നല്ലത് മാത്രമേ പറയാവൂ.
ഹദീഥ് (13)
ഉത്തരം: അബൂ ഹുറൈറ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ഒരാളുടെ ഇസ്ലാമിൻ്റെ മേന്മയിൽ പെട്ടതാണ് അവന് ആവശ്യമില്ലാത്ത കാര്യങ്ങളെ അവൻ ഉപേക്ഷിക്കുക എന്നത്." (തിർമിദി)
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഒരാൾക്ക് പ്രയോജനകരമല്ലാത്ത മറ്റുള്ളവരുടെ മതകാര്യത്തിൽ നിന്നോ, ദുനിയാവിൻ്റെ കാര്യത്തിൽ നിന്നോ വിട്ടുനിൽക്കുക.
2- ഒരാളുടെ ഇസ്ലാമിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് അവന് പ്രയോജനകരമല്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നത്.
ഹദീഥ് (14)
ഉത്തരം: അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ കിതാബിൽ നിന്ന് ഒരക്ഷരം പാരായണം ചെയ്താൽ അവന് അതുമുഖേന ഒരു നന്മയുണ്ടായിരിക്കും. ആ നന്മക്ക് സമാനമായി പത്തെണ്ണവും. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറയുകയില്ല. മറിച്ച്, അലിഫ് ഒരക്ഷരവും, ലാം മറ്റൊരു അക്ഷരവും, മീം വേറൊരു അക്ഷരവുമാണ്." (തിർമിദി)
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
1- ഖുർആൻ പാരായണത്തിൻ്റെ ശ്രേഷ്ഠത.
2- ഖുർആനിലെ ഓരോ വാക്കുകൾ പാരായണം ചെയ്യുമ്പോഴും അവന് അനേകം നന്മകൾ രേഖപ്പെടുത്തപ്പെടുന്നതാണ്.